വയ്യ, മടുത്തു എല്ലാം,
രാവിലെ എണീക്കലും, രാത്രിയിലെ ഉറക്കവും
നാലു ചുമരുകള്‍ക്കുള്ളിലെ സംക്രമണങ്ങളും!
കാലിപ്പേഴ്സെന്നേനോക്കി ചിരിച്ചു -
വിഷത്തിനായാലും കയറിനായാലും കാശു വേണം.
തൊപ്പിയും ജാക്കറ്റുമിട്ടു തണുത്ത വൈകീട്ടിറങ്ങിത്തിരിച്ചു,
മഞ്ഞയും പച്ചയും നിറമുള്ള ഏ.റ്റി.എമ്മില്‍ നിന്നു
മിനിമം ബാലന്‍സു പൊട്ടിയ്ക്കാന്‍,
മരിച്ചാല്‍ പിന്നെന്തിനൊരഞ്ഞൂറു രൂപ മിച്ചം?
വിഷം വില്‍ക്കുന്ന കടയില്‍
ഇളിച്ചു കൊണ്ടഞ്ഞൂറു നീട്ടി -
“ചെയ്ഞ്ചില്ല സാറേ”,
ഇവനേയും ‘സാറേ’ന്നു വിളിക്കണം,
മടുത്തെന്റ്റെ സാറേ ജീവിതം!
അകത്തേയ്ക്കു പോയ സാറിനെ കാണുന്നില്ല-
“നീയൊന്നകത്തേയ്ക്കു വാ”
“താടിയും കറുത്ത കണ്ണടയും, നീ അല്‍-ഖൈദയാ?“
ട്രാന്‍സാക്ഷന്‍ സ്ലിപ്പു കാട്ടി, സീരിയല്‍-
നമ്പറില്ലാത്ത നോട്ടു കീറി, തടിതപ്പി.
മരിയ്ക്കാനായില്ലെങ്കിലും മഞ്ഞയും പച്ചയും ഏ.റ്റി.എമ്മിനെ-
ക്കൊല്ലാതിനി റൂമിലേയ്ക്കില്ല!
വെയ്ച്ചടിച്ചു ചെന്നപ്പോളവിടെയൊരാള്‍ക്കൂട്ടം -
മഞ്ഞയും പച്ചയും ഏ.റ്റി.എം
ബോംബു പൊട്ടി മരിച്ചു കിടക്കുന്നു!
2 comments:
കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തെന്ന് പറഞ്ഞതു പോലെ....
ഭാവുകങ്ങള്‍
വായിച്ചതിനു നന്ദി... വിശ്വാസം നഷ്ടപ്പെട്ട ലോകത്തെപ്പറ്റി ഒരു നിമിഷം ചിന്തിച്ചു പോയതാണ്...
Post a Comment