പ്രതിസന്ധിയുടെ കണ്ണാടിയില്‍ മുഖം നോക്കിയിരുന്നൂ –
ഉറക്കമില്ലാതെ ചീര്‍ത്ത കണ്ണുകള്‍ക്കു ചുറ്റും കറുത്ത കിനാക്കള്‍,
മരിച്ചിട്ടും കടവാതിലുകളായി ചുറ്റും വട്ടമിടുന്നൂ,
കഴുകന്മാരായിരുന്നെങ്കില്‍ ഇരുട്ടിന്റെ ശാന്തിയെങ്കിലും വകയായേനെ!
മുറിഞ്ഞടര്‍ന്ന ചെവിയൊന്നില്‍ സാന്ത്വനങ്ങള്‍ കേള്‍ക്കാം,
കൈകൊണ്ടതിറുകെപ്പൊത്തി -
ദയാവിഷം തീണ്ടി മരിയ്ക്കാന്‍ വയ്യ
വിദ്വേഷത്തിന്‍ നരകം നഷ്ടമായാലോ?
ഇനിയുമടരാത്ത മറുചെവിയില്‍ നിന്നും കുടുകുടെ രക്തം,
തലച്ചോറിന്റെ ദമനികള്‍ ചൊരിയുന്നൊരന്തര്‍ധാര;
ഒരു പറ്റം ചിരികളടുത്തു വരുന്നൂ,
അട്ടഹാസമാവും മുന്‍പതും പൊത്തിയേക്കാം.
ചെളിപറ്റിയ മുഖത്തൊരല്‍പ്പം കരികൂടി ചേര്‍ക്കാം,
‘വീരമൃത്യു‘ മിത്രങ്ങളറിയാതെ പോട്ടെ –
വീരന്റെ മൃതിയായ് ധരിച്ചുവെന്നാലോ?
അറിയാത്ത മുഖം മണ്ണില്‍ മറഞ്ഞിടട്ടെ.
അടിമപ്പെടാത്ത നാവിലല്പം പിട ബാക്കി…
അറിയപ്പെടാത്തവന്റെ കുരിശ്ശിലതിനെയേറ്റാം;
ഇനിയൊരു കല്ല് –
കാഴ്ചയുടെ വിഷം തീണ്ടി
കണ്ണാടി അപമൃത്യുവായാലോ?
No comments:
Post a Comment