ഇന്നു ക്രിസ്തുമസ്. നാടുവിട്ടവരും നാട്ടിലുള്ളവരുമായ എല്ലാ മലയാളി ബന്ധുക്കള്‍ക്കും എന്റ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!
ഇക്കുറി ക്രിസ്തുമസ് മൌറീഷ്യന്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു. അവിടെ അവര്‍ ക്രിസ്തുമസ് ഈവാണ് ആഘോഷിക്കുന്നത്, അതു കൊണ്ട് ഇന്നലെയായിരുന്നു പരിപാടികള്‍. ആറു വയസ്സുകാരി ലോഹിണിയായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. എല്ലാ വര്‍ഷത്തേയും പോലെ ഇന്നലെയും രാവിലെ എഴുന്നേറ്റ ഉടനെ പപ്പായോടു ചോദിച്ചു, “പപ്പാ സാന്റ്റാ വരില്ലേ?”. ഹര്‍ഷ് മറന്നേ പോയിരുന്നൂ അക്കാര്യം. ലോഹിണിയെ സംബന്ധിച്ചിടത്തോളം സാന്റ്റാ ഒരു സങ്കല്പമല്ല, അവളുടെ ലോകത്തിലെ മനോഹരമായ സത്യങ്ങളിലൊന്നാണ്. എല്ലാ ക്രിസ്തുമസ് ഈവിനും അവള്‍ കാത്തിരിക്കുന്നൂ, സമ്മാനങ്ങളുമായി വരുന്ന സാന്റ്റായെ. ഒരു പക്ഷേ അവളിത്രയും കാത്തിരിക്കുന്ന മറ്റൊരു ദിവസവും ഉണ്ടാവില്ല.
ഹര്‍ഷ് ആകെ റ്റെന്‍ഷനടിച്ചു രാവിലെ വന്നു പറഞ്ഞു, “ഒരു സാന്റ്റായെ ഒപ്പിക്കണം”. “ഞാനായാ മതിയോ?” “പക്ഷേ നിന്റ്റെ പാകത്തിനുള്ള ഡ്രസ്സെവിടുന്നു കിട്ടും? തയ്പ്പിക്കാനിനി നേരവുമില്ല.” കഴിഞ്ഞ കൊല്ലം മെസ്സിലെ രാമായണ്‍ എന്ന മൂന്നരയടിക്കാരനായിരുന്നു സാന്റ്റാ. “എന്നാപ്പിന്നെ അവനെത്തന്നെ ആക്കിയാപ്പോരെ?” പക്ഷേ അവിടെയായിരുന്നു റ്റെന്‍ഷന്റ്റെ ആധാരം. രാമായണ്‍ മെസ്സു വിട്ടു. ആ സൈസിനു പിന്നെ കിട്ടുന്നതു പിള്ളാരെയാണ്. അങ്ങനെയായാല്‍ സംഭവം കുളമാകാനാണു സാദ്ധ്യത കൂടുതല്‍. പുതിയൊരാളെ തപ്പണം.
മുങ്ങാമെന്നു കരുതിയപ്പോ സര്‍ എത്തി. ഇനി ഒരു രക്ഷയുമില്ല, നാലു മണിവരെ അനങ്ങാന്‍ പറ്റില്ല. ഹര്‍ഷിനെ സമാധാനിപ്പിച്ചു, ഏതെങ്കിലും മെസ്സില്‍ അവന്‍ അല്ലെങ്കില്‍ അവന്റ്റെ സൈസിലുള്ള ആരെങ്കിലും ഉണ്ടാവും. ഇല്ലെങ്കില്‍ എന്തെങ്കിലും കള്ളം പറയാം.അവനെന്നെ തല്ലിയില്ല എന്നേയുള്ളൂ, ലോഹിണിയുടെ ഏറ്റവും മനോഹരമായ സ്വപ്നം തകര്‍ക്കുന്ന കാര്യം അവനാലോചിക്കാനേ വയ്യ.
നിമിഷങ്ങളെണ്ണി ഹര്‍ഷ് നാലുമണിയെത്തിച്ചു. പിന്നേയും ഒരരമണിക്കൂറെടുത്തു വിട്ടുകിട്ടാന്‍. നേരെയോടി മെസ്സിലേക്ക് - രാമായണെപ്പറ്റി എന്തെങ്കിലും ആര്‍ക്കെങ്കിലും അറിയാമോ? എവിടെ, ഒരുത്തനും ഒന്നുമറില്ല. ചൌക്കീദാര്‍ പറഞ്ഞു ക്യാന്റ്റീനില്‍ അവന്റ്റെ ചാച്ചാ പണിയെടുക്കുന്നുണ്ടായിരുന്നു. നേരെ അവിടേയ്ക്കു വിട്ടു. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു, ക്യാന്റ്റീന്‍ പൂട്ടി എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. പിന്നെ തപ്പലോടു തപ്പല്‍. ക്യാമ്പസ്സിനുള്ളിലെ മെസ്സുകളോരോന്നായി, ‘നോ രക്ഷ!’.
ആറരയായപ്പോ ഹര്‍ഷ് പറഞ്ഞു അവന്‍ പോകുന്നു എന്ന്. കേക്കും ക്രിസ്തുമസ് ട്രീയുമൊക്കെ റെഡിയാക്കണം. ഞാന്‍ ഒന്നും കൂടി ട്രൈ ചെയ്തു നോക്കാമെന്നു പറഞ്ഞു. പ്രതീക്ഷയുണ്ടായിട്ടല്ല, അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി.
കുറച്ചു നേരം കൂടി തപ്പി. അവന്റ്റെ കാള്‍ വന്നു, നീ തിരിച്ചു പോന്നേര്. അവിടെ അതിഥികള്‍ എല്ലാവരും എത്തിയിരുന്നു. ലോഹിണി പിണങ്ങിത്തുടങ്ങിയിരുന്നു, പക്ഷെ തണുപ്പത്തിനിയും വൈകിച്ചാല്‍ വന്നവര്‍ക്കൊക്കെ മുഷിയും. വല്ലാത്ത ഒരു നിരാശയും കുറ്റബോധവുമൊക്കെ അവന്റ്റെ ശബ്ധത്തിലുണ്ടായിരുന്നൂ. പത്തു മിനുട്ടിനുള്ളില്‍ എത്താമെന്നു പറഞ്ഞു. ഒരു സമ്മാനം വാങ്ങണം ലോഹിണിയ്ക്ക്, കഴിഞ്ഞ തവണയയും ഒന്നും കരുതിയില്ല. അവളുടെ ‘ഫേവറിറ്റ്’ ചാച്ചായല്ലേ ഞാന്‍. അന്ന് ക്രിസ്തുമസ് ലോഹിണിയ്ക്കിത്രയും പ്രധാനപ്പെട്ടതാണെന്നറിയില്ലായിരുന്നു.
ആകെ തളര്‍ന്നിരുന്നൂ. ‘ആര്‍ച്ചീസില്‍’ നിന്നൊരു ‘സാന്റ്റാ’യെ വാങ്ങി, ഇതെങ്കിലുമാകട്ടെ അവള്‍ക്ക്. വല്ലാതെ വിഷമം വരുന്നുണ്ടായിരുന്നു. ഇങ്ങനെത്തെ സങ്കല്‍പ്പങ്ങളൊന്നും കുട്ടിക്കാലത്തുണ്ടായിരുന്നില്ല. സാന്റ്റായെപ്പറ്റി അറിയുന്നതു തന്നെ വലുതായിട്ടാണു. അതു കൊണ്ടായിരിക്കണം ലോഹിണിയ്ക്കു വരാന്‍ പോകുന്ന സങ്കടം മനസ്സിലാക്കാന്‍ ഇത്രയും നേരമെടുത്തത്. തട്ടു കടയില്‍ നിന്നൊരു ചായ കുടിയ്ക്കാമെന്നു കരുതി. അതൊരു പതിവാണ്.
ഹര്‍ഷിന്റ്റെ കാള്‍ വീണ്ടും, “പെട്ടെന്നു വാ”. “ഞാന്‍ ഇതാ എത്തി”. കൈയ്യില്‍ ചെയ്ഞ്ച് ഇല്ലായിരുന്നൂ, ഇസ്ലാം പറഞ്ഞു, “ഹോ ജായേഗാ സാബ്“ “അരെ തൂ കിദര്‍ ഹേ ബോഝടീവാലേ , പചാസ് കാ ചെയ്ഞ്ച് ലേക്കെ ആ!” ഒന്നും പ്രതീക്ഷിച്ചു നോക്കിയതല്ല, അന്‍പതു രൂപാ നോട്ടിനു പുറകെ കണ്ണു പോയതാണു. അതാ വരുന്നൂ ലോഹിണിയുടെ സാന്റ്റാ രാമായണ്‍.
ഫ്ലാറ്റിലേക്കു കയറുന്ന പടിക്കെട്ടില്‍ തൊപ്പിയും താടിയുമൊക്കെയായി ഹര്‍ഷ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആകെ മുഷിഞ്ഞിരുന്നതിനാല്‍ ഞാന്‍ അകത്തേയ്ക്കു കയറിയില്ല. ഒന്നു കുളിച്ചിട്ടു പോകാമെന്നു കരുതി. വെള്ളം ചൂടാകാനായി കാക്കുമ്പോള്‍ മനസ്സു നിറയെ ഒരു നിര്‍വൃതിയായിരുന്നു.
ലോഹിണി മുഖം നിറയെ ചിരിയുമായി വന്നു കതകുതുറന്നു. സമ്മാനപ്പൊതി അപ്പൊത്തന്നെ തുറന്നു നോക്കിയവള്‍. “ഹായ് സാന്റ്റാ!” “സാന്റ്റാ വന്നോ മോളേ?” “ങ്ഹാ, ആയാ ചാച്ചാ”, മുകളിലെവിടെയോയുള്ള സ്വര്‍ഗ്ഗത്തിലേയ്ക്കു വിരല്‍ ചൂണ്ടി അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു. എന്നിട്ടു സാന്റ്റാ നല്‍കിയ സമ്മാങ്ങള്‍ കാണിച്ചു തരാന്‍ അകത്തേയ്ക്കോടി.
ഗുഡ്നൈറ്റ് പറഞ്ഞു പിരിയുമ്പോള്‍ അവള്‍ ഹര്‍ഷിന്റ്റെ ചെവിയില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു, “ചാച്ചാ കാ ഗിഫ്റ്റ് മുഝെ സബ്സെ അഛാ ലഗാ!”
No comments:
Post a Comment